Friday, February 3, 2017

വരിക്കാശ്ശേരി മനയിലൂടെ ഒരു യാത്ര

യാത്രകള്‍ ഒരു ഹരമാണ് പ്രകൃതി കനിഞ്ഞു നല്‍കിയ സൗന്ദര്യത്തിന്റെ ഉറവിടം തേടി ഗ്രാമങ്ങളിലൂടെ കാനന പാതയിലൂടെ ഒരു യാത്ര.
മനകളുടെ രാജാവാണ് വരിക്കാശ്ശേരി. ആ പേര് കേൾക്കുമ്പോൾത്തന്നെ മലയാളസിനിമാപ്രേക്ഷകരുടെ മനസ്സിലേക്ക് ഓർമകളുടെ തിരയിളക്കം അലയടിച്ചെത്തും. നിരവധി സിനിമകളിൽ നായകതുല്യമായ പിന്നണിവേഷങ്ങളിൽ മന പ്രൗഢിയോടെ നിറഞ്ഞുനിന്നു. മംഗലശ്ശേരി നീലകണ്ഠൻ നിറഞ്ഞാടിയ തറവാട്. പട്ടാഴി മാധവൻ നമ്പൂതിരി പൊരുതിയ ഇടനാഴികളും എല്ലാം വരിക്കാശ്ശേരി തന്നെ. കണിമംഗലമായും മംഗലശ്ശേരിയായും പ്രേക്ഷക മനസ്സില്‍ ഇടം നേടിയ വാസ്തു ചാരുത അതാണ് വരിക്കാശ്ശേരി മന. ദേവാസുരം, മാടമ്പി, ആറാംതമ്പുരാന്‍, നരസിംഹം, രാപ്പകല്‍, Mr.ഫ്രോഡ്, ദ്രോണ, സിംഹാസനം, രുദ്ര സിംഹാസനം തുടങ്ങിയ 150 തിൽ പരം ചിത്രങ്ങളിൽ നമ്മൾ ‍ വരിക്കാശ്ശേരിയുടെ മനോഹാരിത നമ്മൾ കണ്ടു.മൈലാഞ്ചി മൊഞ്ചുള്ള വീട് എന്ന ചിത്രത്തിൽ വ്യത്യസ്തമായി വരിക്കാശ്ശേരി മനയെ ഒരു മുസ്ലീം തറവാടാക്കി മാറ്റിയിരുന്നു. മനയുടെ പത്തായപ്പുര നമ്മൾ കാര്യസ്ഥനിലും, എന്ന് നിന്റെ മൊയ്ദീനിലും കണ്ടിരുന്നു. മലയാള സിനിമയിലെ ലൊക്കേഷനുകളിലെ സൂപ്പർ സ്റ്റാർ അതാണ് വരിക്കാശ്ശേരി.
ഒറ്റ‍പ്പാലത്തിനു സമീപം മനിശ്ശേരി എന്ന ഗ്രാമത്തിലാണ് വരിക്കാശ്ശേരി മന സ്ഥിതി ചെയ്യുന്നത്.
വരിക്കാശ്ശേരി മന പാലക്കാട് ജില്ലയില്‍ ഒറ്റ‍പാലത്തിനു സമീപം മനിശ്ശേരി എന്ന ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്നു.ഒറ്റപാലത്ത് നിന്നും ഷൊര്‍ണൂര്‍ക്ക് പോകുന്ന സ്റ്റേറ്റ് ഹൈവേയോട് ചേര്‍ന്നുള്ള ഒരു ചെറു വള്ളുവനാടന്‍ ഗ്രാമം ആണ് മനിശ്ശേരി.അവിടെ നിന്നും തെക്കുഭാഗത്തേക്ക്‌ ഭാരതപ്പുഴയിലെക്കുള്ള ഗ്രാമീണ റോഡിനോട് ചേര്‍ന്നാണ് വിഖ്യാതമായ വരിക്കാശ്ശേരി മന.
എട്ടുനൂറ്റാണ്ടു മുൻപ് തേക്കാത്ത വെട്ടുകല്ലിൽ മൂന്ന് നിലകളിലായി നിർമിച്ചതാണ് ഈ മന. നാലുകെട്ടും എട്ടുകെട്ടുമൊക്കെ നാടുനീങ്ങുന്ന കാലത്ത്, നമ്മുടെ വാസ്തുവിദ്യ പാരമ്പര്യത്തിന്റെ സ്മാരകമായി ഇന്നും തലയുയർത്തി നിൽക്കുന്നു വരിക്കാശ്ശേരി. നാലേക്കറിൽ പരന്നുകിടക്കുന്ന മനയിൽ കളപ്പുര, പത്തായപ്പുര, കൽപ്പടവുകളോട് കൂടിയ വലിയ കുളം എന്നിവയുമുണ്ട്. ഇതിൽ ധാരാളം മത്സ്യങ്ങൾ നീന്തിത്തുടിക്കുന്നു.
പ്രൗഢവും വിശാലവുമായ പൂമുഖം. ഇവിടെയാണ് നായകന്മാർ മീശ പിരിച്ച് ചമ്രം പടിഞ്ഞിരുന്ന് വർത്തമാനങ്ങൾ പറഞ്ഞതും നായികമാർ നൃത്തം ചവിട്ടിയതും. പൂമുഖത്തിനു മുകളിൽ തുറന്ന ടെറസ്, നടുമുറ്റം, വടക്കിനി, തെക്കിനി, പടിഞ്ഞാറ്റിനി, കിഴക്കിനി തുടങ്ങിയ നാല് ഇറയങ്ങൾ. അകത്തേക്ക് കയറുമ്പോൾ വിശാലമായ അകത്തളം, ഭക്ഷണപുര, ഭീമൻ ഗോവണികൾ, മുകളിലെ രണ്ടു നിലകളിൽ വിശാലമായ കിടപ്പുമുറികൾ.
ഒന്നാംനിലയില്‍ നാല് കിടപ്പുമുറികളും രണ്ട് ഹാളുകളും കാലപ്പഴക്കം ഏശാതെ മിനുങ്ങിനില്‍ക്കുന്നു. ചിത്രപ്പണികൾ കൊത്തിവെച്ച ഭീമാകാരന്‍ തൂണുകളിലാണ് മനയുടെ ഭാരം താങ്ങി നിര്‍ത്തിയിരിക്കുന്നത്. മനയോടു ചേര്‍ന്നുള്ള പടിപ്പുര മാളികയും സിനിമകളില്‍ നിരവധി തവണ അഭിനയിച്ചിട്ടുണ്ട്. വിശാലമായ പത്തായപ്പുരയാണ് പടിപ്പുര മാളികയുടെ പ്രധാന ആകര്‍ഷണം.
പാലക്കാടിന്റെ കടുത്ത ചൂടിൽ തലയുയർത്തി നിൽക്കുമ്പോഴും മനയ്ക്കുള്ളിലേക്ക് കയറിയാൽ എസി മുറിയിലേക്ക് കയറിയ പ്രതീതിയാണ്. പ്രശാന്തത തളം കെട്ടി നിൽക്കുന്ന അകത്തളങ്ങളിൽ അല്പസമയം ചെലവഴിച്ചാൽ ശരീരം മാത്രമല്ല മനസ്സും തണുക്കും.
പരമ്പരാഗത നിർമാണശൈലികളോടുള്ള മലയാളികളുടെ ഇഷ്ടം തിരിച്ചുകൊണ്ടുവന്നതിലും കാലപ്പഴക്കം കൊണ്ട് പൊളിച്ചു മാറ്റപ്പെടുമായിരുന്ന നിരവധി തറവാടുകൾക്കും മനകൾക്ക് സംരക്ഷണം നൽകാനുള്ള അവബോധം ജനങ്ങളിൽ സൃഷ്ടിച്ചെടുക്കുന്നതിനും സിനിമകളിലൂടെ വരിക്കാശ്ശേരി നൽകിയ പങ്ക് വിസ്മരിക്കാവുന്നതല്ല.
പ്രൗഢിയും ഗാംഭീര്യവുമുള്ള വേഷങ്ങൾക്കായി വരിക്കാശ്ശേരി മന ഇനിയും കാത്തിരിക്കുന്നു...മലയാളസിനിമപ്രേക്ഷകരും.
പഴമയും പ്രകൃതിയും ഇണ ചേർത്ത് കൊണ്ട്.. സഞ്ചാരികൾ സഞ്ചരിച്ചു കൊണ്ടേ ഇരിക്കും..
മനയുടെയും, മനിശ്ശേരിയുടെയും, ഒറ്റപ്പാലത്തിന്റെയും, മനിശ്ശേരിയുടെ സ്നേഹ നായകന്റെയും, അവിടത്തെ ആത്മാര്‍ഥതയുടെ പ്രതീകങ്ങളായ സുഹൃത്തുക്കളുടെയും, വിശേഷങ്ങള്‍ ഇനിയും ബാക്കി. അത് മറ്റൊരു അവസരത്തിലെക്കാക്കുന്നു .

0 comments:

Post a Comment

About Us